നല്ല ചിരിയുടെ രഹസ്യം
 വിജീഷ് ഗോപിനാഥ്
 Story Dated: Thursday, March 1, 2012 11:1 hrs IST 
മലയാള സാഹിത്യത്തിന്‍െറ താരാപഥമായിരുന്നു തിരുവന ന്തപുരത്തെ ത്രയംബകംഎന്ന വീട്. കവിതയിലേയും നോവലിലേയും നാടകത്തിലേയും ഒക്കെ നക്ഷത്രങ്ങള്‍ അതിഥികളായെത്തുന്ന ഈ വീട്ടിലാണ് പ്രശസ്തിയുടെ മേല്‍വിലാസവുമായി രവി പിറന്നു വീണത്. മേല്‍വിലാസം അത്ര നിസ്സാരമല്ല. മലയാളത്തിന്‍െറ മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍െറ അനന്തരവള്‍ ആണ് രവിയുടെ അമ്മ മിനി. രവിയുടെ അച്ഛന്‍ മലയാള നാടക വേദിക്ക് മറക്കാനാവാത്ത പേരാണ്-ടി.എന്‍ ഗോപിനാഥന്‍ നായര്‍. മുത്തച്ഛന്മാരും പേരുകേട്ടവര്‍ തന്നെ - പ്രശസ്ത കവി കുറ്റിപ്പുറത്ത് കേശവന്‍ നായരും സാഹിത്യനിരൂപകന്‍ സാഹിത്യ പാഞ്ചാനന്‍ പി. കെ. നാരായണ പിള്ളയും .

ഇത്ര വലിയ മേല്‍വിലാസങ്ങളുമായി പിറന്നു വീണതു കൊണ്ടു തന്നെ ഞരമ്പുകളില്‍ എഴുത്തും നാടകവും അഭിനയവുമൊക്കെയാണ് ഒഴുകുന്നതെന്നു സ്കൂളില്‍ പഠിക്കുമ്പോഴേ രവി ഉറപ്പിച്ചിരുന്നു. പോരെങ്കില്‍ കൂട്ടുകാരന്‍ കെ. ശ്രീകുമാറും തികഞ്ഞ നാടകഭ്രാന്തന്‍. അങ്ങനെ അഭിനയത്തിലെ പാഠപുസ്തകം അവര്‍ ഒന്നിച്ചു പഠിച്ചു.

സീരിയലിലെ ’മമ്മൂക്ക എന്നു പലരും വിളിക്കുന്ന രവി വള്ളത്തോളിലേക്കു രവിയെന്ന കുട്ടി വളര്‍ന്നു. ആദ്യ മലയാള സീരിയലില്‍ തന്നെ തുടക്കം കുറിച്ച ഈ നടന്‍ അഭിനയ ജീവിതത്തിന്‍െറ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കി. അപ്പോള്‍ കെ ശ്രീകുമാറോ? ആ ഫ്ളാഷ്ബാക്കിലേക്ക് ഒരു സസ്പെന്‍സ്.

. ഇത്ര വലിയ മേല്‍വിലാസം ഒരു ഭാരമായോ?
ഈ പൈതൃകം ഒരു ഭാഗ്യമല്ലേ? എന്‍െറ മുത്തച്ഛന്മാര്‍ എഴുതിയ കാര്യങ്ങളാണ് സ്കൂളില്‍ ഞാന്‍ പഠിച്ചത്. സാഹിത്യകാരന്മാരും നടന്മാരുമെല്ലാം വീട്ടിലെ നിത്യസന്ദര്‍ശകര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എന്നോടു വലിയ താല്‍പര്യമായിരുന്നു. ഇതിന് ഒരുപാട് ഗുണവും ദോഷവും ഉണ്ട്. ഈ പാരമ്പര്യം കൊണ്ട് എനിക്ക്  ചാന്‍സുകള്‍ കിട്ടുന്നു എന്നതായിരുന്നു പ്രധാന ആരോപണം. പക്ഷേ, ഒരിക്കലും അവസരത്തിനുവേണ്ടി ഇതൊന്നും ഉപയോഗിച്ചില്ല. മാത്രമല്ല, എത്രയോ പേര്‍ക്ക് അഭിനയിക്കാന്‍ അവസരം ഉണ്ടാക്കിയിട്ടുണ്ട്.

പിന്നെ ഈ പൈതൃകത്തിലൊക്കെ പുതിയ തലമുറയ്ക്ക് ഒരു താല്‍പര്യവുമില്ല. മലയാളത്തെക്കുറിച്ചും മലയാളിയെക്കുറിച്ചും അറിയാന്‍ ശ്രമിക്കാത്തവരാണ് അവരില്‍ പലരും. ഒരു വലിയ തമാശയുണ്ട്. നടന്ന സംഭവമാണ്. കുറേ നാള്‍ മുമ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു ക്യാംപസില്‍ ഞാന്‍ പോയി. അവിടെ വച്ച് വളരെ നിഷ്കളങ്കമായി ഒരു പെണ്‍കുട്ടി എന്നോടു സംസാരിച്ചു.
’’സാറിനെ കാണുമ്പോഴൊക്കെ ഞാന്‍ ആലോചിക്കും?
’’എന്ത്?
’’സാറെന്തിനാണ് സ്വന്തം പേരിനൊപ്പം റയില്‍വേ സ്റ്റേഷന്‍െറ പേരിട്ടത്?
’’ങ്ഹേ? മനസ്സിലായില്ല?
’’അല്ല സാര്‍... ഈ വള്ളത്തോള്‍ നഗര്‍ റയില്‍വേസ്റ്റേഷന്‍െറ പേരെന്തിനാ രവിയെന്ന പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്? ആ റയില്‍വേസ്റ്റേഷനും സാറുമായി എന്താ ബന്ധം?
എന്‍െറ തലകറങ്ങുന്നതുപോലെ തോന്നി. മലയാളഭാഷയ്ക്ക് ഇത്രയേറെ സംഭാവനചെയ്ത വള്ളത്തോള്‍ എന്ന മഹാനായ മനുഷ്യനോട് ആ കുട്ടിക്കുവേണ്ടി മനസ്സില്‍ മാപ്പു പറഞ്ഞു.

. സ്കൂളില്‍ പഠിക്കുമ്പോള്‍ മികച്ച നടിക്കുള്ള സമ്മാനം ലഭിച്ചെന്നു കേട്ടിട്ടുണ്ട്?
ഏഴില്‍ പഠിക്കുമ്പോഴാണ് സ്കൂള്‍ നാടകത്തിലേക്കുള്ള അരങ്ങേറ്റം. പത്താം ക്ളാസുകാരുടെ നാടകം. അതിലഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിവേണം. പെണ്‍കുട്ടികളാരും തയാറാവാത്തപ്പോഴാണ് അവര്‍ എന്‍െറ അടുത്തെത്തുന്നത്. ടി എന്‍ ഗോപിനാഥന്‍ നായരുടെ മകന്‍ എന്നതാണ് എന്‍െറ ക്വാളിഫിക്കേഷന്‍. പാവാടയുമൊക്കെയിട്ട് മുടിയൊക്കെ സംഘടിപ്പിച്ചു. പൂജപ്പുര രാമുച്ചേട്ടനാണ് ആദ്യമായി മുഖത്ത് ചായമിടുന്നത്. അതോടെ ശരിക്കുമൊരു പെണ്‍കുട്ടിയായി. പിന്നെ ഒരുപാടു നാടകങ്ങളില്‍ ഞാന്‍ പെണ്‍വേഷമിട്ടിട്ടുണ്ട്.

. നാടകത്തിലെ കൂട്ടുകാരന്‍ ശ്രീകുമാറിനെക്കുറിച്ച്?
അവനും ഞാനുമായിരുന്നു നാടകസംഘം. സ്കൂളില്‍ ഞാന്‍ ബെസ്റ്റ് ആക്ട്രസും അവന്‍ ബെസ്റ്റ് ആക്ടറുമായിരുന്നു. ഏഴാം ക്ളാസില്‍ തുടങ്ങിയ സൌഹൃദം കോളജ് വരെ നീണ്ടു നിന്നു. അമ്പതോളം നാടകങ്ങള്‍ ഞങ്ങള്‍  ഒരുമിച്ചഭിനയിച്ചു. അവന്‍ അച്ഛനും ഞാന്‍ മകളുമായൊക്കെ അഭിനയിച്ചിട്ടുണ്ട്. രവീന്ദ്രനാഥ്, രവി വള്ളത്തോള്‍ ആയതുപോലെ മാറ്റം അവനിലും ഉണ്ടായി. ആ ശ്രീകുമാര്‍ അടിമുടി ചിരിയുമായി സ്ക്രീനില്‍ ജഗതിശ്രീകുമാറായി. പക്ഷേ, നാടകങ്ങളില്‍ ഒരിക്കല്‍ പോലും അവന്‍ കോമഡി റോളുകള്‍ ചെയ്തിട്ടില്ല.

നാടകം കളിച്ചു നടന്നതുകൊണ്ടു തന്നെ എസ് എസ് എല്‍ സിയ്ക്ക് ഫസ്റ്റ് ക്ളാസ് കിട്ടിയില്ല. അതോടെ രണ്ട് അച്ഛന്മാരും കൂടി ഒരു തീരുമാനമെടുത്തു. ഇനി അവരുടെ കാര്യത്തില്‍ ഇടപെടില്ല. കോളജില്‍ പോവുകയോ അഡ്മിഷന്‍ എടുക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. അങ്ങനെ ഞാനും അവനും കൂടി മാര്‍ ഇവാനിയോസ് കോളേജിലേക്ക് പോയി. ചെന്നപ്പോഴേ പ്രിന്‍സിപ്പല്‍ പറഞ്ഞു. ’’രണ്ടു പേരും മഹാ അലവലാതികളാണ്. അതുകൊണ്ട് അച്ഛന്മാര്‍പോലും വന്നിട്ടില്ല.

കോളേജിലെ അഞ്ച് വര്‍ഷം ഉത്സവമായിരുന്നു. ക്യാംപസ് നാടകത്തിന്‍െറ ജീവത്മാവും പരമാത്മാവും ഞാനും ജഗതിയുമായിരുന്നു. പക്ഷേ, പരീക്ഷ വന്നപ്പോള്‍ ഒരക്ഷരവും അറിയില്ല. രണ്ടു പേരും കൂടി ഫൈനല്‍ പരീക്ഷ ഉപേക്ഷിച്ച് സെപ്റ്റെംബറില്‍ വീണ്ടും എഴുതാന്‍ തീരുമാനിച്ചു. അവിടെ വച്ചാണ് ഞങ്ങള്‍ പിരിയുന്നത് അവന്‍ സിനിമയെ തേടി കോടമ്പാക്കത്തേക്കു പോയി. അതിനിടയിലാണ് എന്‍െറ അമ്മയുടെ മരണം. അതോടെ ജീവിതം മാറി.

. അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍?
രാജകുമാരിയേ പോലെയാണ് മിനിയെ ഞാന്‍ നോക്കിയിരുന്നതെന്ന് അച്ഛന്‍ പറയുമായിരുന്നു. സത്യമായിരുന്നു അത്. വീട്ടിലെ എല്ലാം അമ്മയായിരുന്നു. അച്ഛന്‍ നാടകവുമായുള്ള യാത്രയിലായിരുന്നു. ഞാന്‍ എത്രാം ക്ളാസിലാണെന്നുപോലും അച്ഛന് അറിയുമായിരുന്നില്ല. അച്ഛന്‍ തൊട്ട ചന്ദനപ്പൊട്ടു പോലും ശരിയാണോ എന്നറിയാന്‍ അമ്മ വേണമായിരുന്നു. പാവം, വെറ്റിലയുടേയും പാക്കിന്‍െറയും വരെ കണക്കഴുതി സൂക്ഷിച്ചു. ഇതിനിടയില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചു ശ്രദ്ധിക്കാന്‍ മറന്നു പോയി.

എനിക്ക് ഒരു ജ്യേഷ്ഠനുണ്ടായിരുന്നു. രഘുനന്ദനന്‍, കുട്ടിക്കാലത്തു തന്നെ അവന്‍ മരിച്ചു. അതിനുശേഷം അമ്മയ്ക്ക് എന്നെക്കുറിച്ചു വലിയ പേടിയായിരുന്നു. രാത്രി എഴുന്നേറ്റ് കട്ടിലിന്‍െറ അടിയിലൊക്കെ തിരയും. ബി.പി.യുടെ മരുന്നു മുടക്കരുതെന്നു ഡോക്ടര്‍മാര്‍ പറയുമെങ്കിലും അതിലൊന്നും അമ്മയ്ക്ക് ഒരു ശ്രദ്ധയുമില്ലായിരുന്നു. ഞാന്‍ ബി എസ് സി കഴിഞ്ഞ് ഐഎഫ്എസിന്‍െറ ട്രെയിനിങ്ങിനു പോവുന്ന കാലം. അമ്മ അപ്പോള്‍ മലപ്പുറം തിരൂരുള്ള തറവാട്ടിലായിരുന്നു. അമ്മയ്ക്ക് എന്നെ കാണണമെന്നു പറയുന്നുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വന്നതോടെ ഞാനും തിരൂരിലേക്കു പോയി ആ രാത്രികളില്‍ ഉറങ്ങാതിരുന്ന് ഭാവിയില്‍ ഞാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അമ്മ പറഞ്ഞു തന്നു.ര്‍ പത്താം ക്ളാസില്‍ പഠിക്കുന്ന അനുജത്തി മീനാക്ഷിയുടെ വിവാഹം, അനുജന്‍ നന്ദകുമാറിന്‍െറ പഠനം... ദിവസങ്ങള്‍ക്കു ശേഷം അമ്മയും അച്ഛനും തിരുവനന്തപുരത്തേക്കു തിരിച്ചു പോവാനൊരുങ്ങി. തിരുവനന്തപുരത്തേക്കാള്‍ എനിക്കിഷ്ടം അമ്മയുടെ നാടായ മലബാര്‍ ആയിരുന്നു. അതുകൊണ്ടു കുറച്ചു ദിവസം കൂടി തറവാട്ടില്‍ നില്‍ക്കാനായിരുന്നു എന്‍െറ തീരുമാനം. റോസും വയലറ്റും പൂക്കളുള്ള സാരിയുടുത്ത് അമ്മ കാറില്‍ കയറി നീ കൂടി വാ എന്നു പിന്നെയും വിളിച്ചു. എന്നിട്ടു ടാറ്റാ തന്നു. അമ്മ യാത്രയായി. പിന്നെ ഞാന്‍ കാണുന്നത് നിലവിളക്കിന്‍െറ മുന്നില്‍ ഉറങ്ങിക്കിടക്കുന്ന അമ്മയേയാണ്.

. ഈ വേദന എങ്ങനെ മറികടന്നു?
അമ്മ പോയതോടെ ജീവിതത്തില്‍ ഇരുട്ടുകയറിയതു പോലെയായി. അച്ഛന്‍ ഒരു താമരത്തണ്ടുപോലെ തളര്‍ന്നു കിടന്നു. ദിവസം കഴിയും തോറും എന്‍െറ വേദന കൂടിക്കൂടിവന്നു. നാടകവും അഭിനയവുമൊക്കെ ഞാന്‍ മറന്നു. രാത്രിയില്‍ ടെറസില്‍ കയറി നിന്ന് ഉറക്കെ കരയും. എന്‍െറ അവസ്ഥ കണ്ടിട്ടാവും സദ്ഗുരു ശ്രീ രമാദേവിയെ കാണാന്‍ അച്ഛന്‍ എന്നോടു പറഞ്ഞത്. അച്ഛന്‍  രമാദേവി അമ്മയുടെ ഭക്തനായിരുന്നു. അങ്ങനെ ഞാന്‍ അമ്മയെ കാണാനായി പോയി. ഒരു പാടു ചോദ്യങ്ങള്‍ എന്‍െറ മനസ്സില്‍ തിളയ്ക്കുന്നുണ്ടായിരുന്നു. ഇത്ര പാവമായിട്ടും എന്‍െറ അമ്മയെ എന്തിനാണു കൊണ്ടു പോയത് എന്നായിരുന്നു ആദ്യ ചോദ്യം.

’’നിനക്കെന്നെ വിശ്വാസമില്ലേ? അമ്മ എന്നിലേക്കു മടങ്ങിവന്നു കഴിഞ്ഞു, എന്നു വിശ്വാസമല്ലേ? എന്നു ചോദിച്ചു കൊണ്ട് അമ്മ എന്‍െറ മൂര്‍ധാവില്‍ തൊട്ടു. പിന്നെ ഞാന്‍ കാണുന്നത് രമാദേവി അമ്മയുടെ മടിയില്‍ കിടക്കുന്ന എന്‍െറ അമ്മയേയാണ്. അതോടെ ബോധം നഷ്ടമായി. അന്നു മുതല്‍ ഞാന്‍ അമ്മയുടെ ശിഷ്യനാണ്. പില്‍ക്കാലത്ത് അമ്മയുടെ മഹത്വം, ഉദ്ബോധനങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനുള്ള ഉപകരണങ്ങളായി ഞാനും ഭാര്യ ഗീതാലക്ഷ്മിയും മാറി.

. ഗീതാലക്ഷ്മി ജീവിതത്തിലേക്കു വരുന്നത്?
കാഞ്ഞിരപ്പള്ളിക്കാരി ഗീതയുടെ വിവാഹാലോചന മൂന്നു പേരാണ് കൊണ്ടു വന്നത്. ഒരേ ആലോചന മൂന്നു വഴിയിലൂടെ വന്നപ്പോള്‍ എല്ലാവര്‍ക്കും താല്‍പര്യം. ഇതൊരു മുജ്ജന്മത്തിന്‍െറ തുടര്‍ച്ചയാണെന്ന തോന്നല്‍. ആ സമയത്ത് ഞാന്‍ ലൈബീരിയയില്‍ അധ്യാപകനായിരുന്നു. വിവാഹ ശേഷം ആഫ്രിക്കയിലേക്കു തിരിച്ചു പോയില്ല. കോട്ടയത്ത് ഒരു കമ്പനിയില്‍ ജോലി ലഭിച്ചു. മക്കള്‍ ഉണ്ടാവാന്‍ ബുദ്ധിമുട്ടാണെന്നു ജാതകം നോക്കി വിലയച്ഛന്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കുട്ടികള്‍ എത്രയും പെട്ടെന്നു വേണമെന്ന് ഞങ്ങള്‍ക്കും ധൃതിയായിരുന്നു. പക്ഷേ, പിന്നീട് ആ സത്യം തിരിച്ചറിഞ്ഞു, ഞങ്ങള്‍ക്കു കുഞ്ഞുങ്ങളുണ്ടാവില്ല. അത് ദൈവവിധിയായി കരുതി മുന്നോട്ടു പോയി.  സത്യം ഞങ്ങള്‍ അംഗീകരിച്ചു.

ആയിടയ്ക്കാണ് അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ ഞാനും ഗീതയും കാശിയിലേക്കു പോവുന്നത്. അവിടെ വച്ച് ബലികര്‍മങ്ങള്‍ ചെയ്യിക്കുന്ന പാണ്ട, ഒരിക്കലും ഞങ്ങള്‍ക്ക് കുട്ടികളുണ്ടാവില്ലെന്നറിഞ്ഞതോടെ പറഞ്ഞു: പും എന്ന നരകത്തില്‍ നിന്ന് പിതാവിനെ മറുകര കടത്തുന്നവനാണ് പുത്രന്‍. മക്കളുണ്ടാവില്ലെന്നുറപ്പാണെങ്കില്‍ നിങ്ങള്‍ ആത്മബലിയിടണം. ഞങ്ങള്‍ ഞങ്ങള്‍ക്കു തന്നെ ബലിയിടാന്‍ തീരുമാനിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന ആ ചടങ്ങില്‍ വച്ച് ജീവിതത്തില്‍ പ്രിയപ്പെട്ട പലതും ഉപേക്ഷിച്ചു. ഒടുവില്‍ കണ്ണീരും ആത്മാക്കളും ഒഴുകുന്ന ഗംഗയിലേക്ക് ഇറങ്ങി. പരസ്പരം കൈകള്‍ ചേര്‍ത്തു പിടിച്ചു മൂന്നു പ്രാവശ്യം മുങ്ങി നിവര്‍ന്നു. പിന്നെ ചെറിയ കുട്ടികളേപ്പോലെ വാവിട്ടു കരഞ്ഞു. ഇവിടെ  ജന്മം പരമ്പരകളില്ലാതെ അവസാനിക്കുകയാണ്.

. ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ലേ?
പലവട്ടം ആലോചിച്ചതാണ്. പക്ഷേ ഞങ്ങളുടെ ജീവിതവും സമ്പാദ്യവും എല്ലാം ഒറ്റക്കുട്ടിയിലേക്കു പോവുന്നതില്‍ ഗീതയ്ക്കും എനിക്കും താല്‍പര്യമില്ല. അതിനേക്കാള്‍ നല്ലത് ഒരു പാട് കുട്ടികള്‍ക്ക് ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുകയാണെന്ന ആശയം ഗീതയാണ് മുന്നോട്ട് വച്ചത്. തണല്‍ എന്ന സ്കൂളിന്‍െറ തുടക്കം ഇങ്ങനെയാണ്. വീടിനോടു ചേര്‍ന്നുള്ള ഭാഗം സ്കൂളാക്കി മാറ്റി. ഇവിടെ പഠിക്കുന്ന കുട്ടികളെ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെന്നേ വിളിക്കാനാവൂ. ഈശ്വരനോട് ഏറ്റവും അടുത്തിരിക്കുന്ന പൂക്കളാണ് ഇവര്‍. അതുകൊണ്ട് ഇവരെ നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിചരിക്കണം. ഈ കുട്ടികളുടെ മുഖം കാണിച്ച് പണമുണ്ടാക്കാനോ മറ്റുള്ളവരില്‍ സഹതാപമുണ്ടാക്കാനോ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.

ഇത്തരം കുട്ടികളെ പരിശീലനം നല്‍കാനുള്ള കോഴ്സ് ഗീത പാസ്സായി. ഇവരെ പ്രാഥമിക കാര്യങ്ങള്‍ക്കായി പരിശീലനം നല്‍കും. ഒപ്പം പഠിക്കാന്‍ സാധിക്കുമെന്നുള്ളവര്‍ക്ക് പഠനത്തിനുള്ള സാഹചര്യം ഉണ്ടാക്കും. സൈക്കോളജിസ്റ്റും അധ്യാപകരും മറ്റു ഡോക്ടര്‍മാരുമൊക്കെ അടങ്ങുന്ന ഒരു സംഘം ഈ സ്കൂളിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ ഇവര്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ തിരഞ്ഞെടുത്തവ ഉപയോഗിച്ച് ഗ്രീറ്റിങ് കാര്‍ഡുകള്‍ ഉണ്ടാക്കുന്നു. പേപ്പര്‍ ബാഗ് നിര്‍മിക്കുന്നതുള്‍പെടെ ചെറിയ ചെറിയ പരിശീലനം നല്‍കുന്നു.... അങ്ങനെ തണല്‍ മുന്നോട്ടു പോവുന്നു.

ഒരാളുടെ മുന്നിലും ഈ സ്ഥാപനത്തിനു വേണ്ടി ഞങ്ങള്‍ കൈ നീട്ടാറില്ല. എനിക്കു കിട്ടുന്ന പ്രതിഫലവും മറ്റു സമ്പാദ്യങ്ങളും കൊണ്ട് ഇതു മുന്നോട്ടു പോവുന്നു. സിനിമാസംഘടനയായ ’അമ്മ സഹായിക്കാമെന്നു പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കു കളിക്കാന്‍ മുറ്റമില്ലെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ഒരു ഫ്ളാറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അടുത്തവര്‍ഷമാകുമ്പോള്‍ അതു കിട്ടും. പിന്നെ ഈ വീടു മുഴുവനായും സ്കൂളിനു വേണ്ടി നല്‍കിയാലോ എന്നാലോചിക്കുന്നുണ്ട്.

. സീരിയലില്‍ ഒതുങ്ങിപ്പോയെന്നു തോന്നിയിട്ടുണ്ടോ?
എന്തിനാണ് അങ്ങനെ തോന്നുന്നത്? എനിക്ക് കംഫര്‍ട്ടബിള്‍ ആയ ആള്‍ക്കാരുടെ കൂടെ മാത്രമേ എനിക്കു ജോലി ചെയ്യാനാവൂ. എനിക്ക് എന്‍േറതായ ഒരു ഏരിയ ഉണ്ട്. കഥാപാത്രങ്ങളുണ്ട്. അതില്‍ ഞാന്‍ സംതൃപ്തനാണ്. അച്ഛന്‍ പറഞ്ഞു തന്നത് അഭിനയിക്കാന്‍ ആരുടെ മുന്നിലും അപേക്ഷിക്കരുതെന്നാണ്. അതു പാലിക്കുന്നു. ആദ്യ സീരിയലായ വൈതരണിയുടെ കഥ അച്ഛന്‍േറതായിരുന്നു. സംവിധാനം പി ഭാസ്കരന്‍ മാഷ്. അതില്‍ തയ്യല്‍ക്കാരന്‍െറ വേഷമായിരുന്നു. പിന്നെ ഒട്ടേറെ സീരിയലുകള്‍. നന്മയുള്ള കഥാപാത്രങ്ങളായിരുന്നു എനിക്കു കിട്ടിയതില്‍ അധികവും. സംസ്ഥാന സര്‍ക്കാരിന്‍േറതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍.

അടൂര്‍സാറിന്‍െറ മതിലുകളിലൂടെയാണ് ആദ്യം സിനിമയില്‍ മുഖം കാണിക്കുന്നത്. അതുകഴിഞ്ഞ് അദ്ദേഹത്തിന്‍െറ പല സിനിമകളിലും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. വിധേയന്‍ എന്ന സിനിമയിലെ ഗോപകുമാര്‍ അവതരിപ്പിച്ച തൊമ്മിയുടെ വേഷം ചെയ്യാന്‍ എനിക്കൊരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മറ്റൊരു ചെറിയ വേഷം തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു മേക്കപ്പിനും തുടച്ചു മാറ്റാനാവാത്ത ഒരാഢ്യത്വം നിനക്കുണ്ട്. വിധേയമായിരുക്കുന്നയാള്‍ക്ക് ഇത്രയും ആഢ്യത്വം ആവശ്യമില്ല.

അഭിനയലോകം നല്‍കിയ വേദനകള്‍....   
സീരിയലിലും സിനിമയിലുമായി 360ല്‍ അധികം കഥാപാത്രങ്ങള്‍ ചെയ്തു. കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയായി. ഇതിനിടയില്‍ മുള്ളുകൊണ്ടു നീറിയതും റോസാ പൂക്കള്‍ കൊണ്ട് തഴുകിയതുമായ എത്രയോ അനുഭവങ്ങള്‍. ഈ റോള്‍ നിനക്കു വേണ്ടിയാണ് എഴുതിയതെന്നു പറഞ്ഞ സംവിധായകര്‍ പിന്നീട് വിളിക്കുമ്പോള്‍ എന്നെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അവഗണിക്കുന്നതില്‍ ദുഃഖമേയില്ല. കാരണം ഞാന്‍ മണ്ണിലാണ് നില്‍ക്കുന്നത്. താരാകാശം എന്നെ മോഹിപ്പിക്കുന്നതേയില്ല. അതുകൊണ്ട് ഡിപ്രഷനുമില്ല.

സത്യന്‍ അന്തിക്കാടിന്‍െറ ഒരു സിനിമയില്‍ പോലും അഭിനയിക്കാനാവാത്തതില്‍ എനിക്കു സങ്കടും തോന്നിയിട്ടുണ്ട്. സത്യന്‍െറ ഗ്രാമീണ കഥാപാത്രങ്ങള്‍ പലപ്പോഴും എന്‍െറ സ്വഭാവവുമായി ചേര്‍ന്നു നില്‍ക്കുന്നതുകൊണ്ടാവാം അത്.

. ഒരുപോലുള്ള കഥാപാത്രങ്ങളാണ് ലഭിക്കുന്നതെന്ന തോന്നല്‍ ഉണ്ടോ?
എന്‍െറ പൊസിറ്റീവും നെഗറ്റീവുമായ കാര്യങ്ങള്‍ എനിക്കറിയാം. ഒരു ഗുണ്ടയോ, മസില്‍പെരുപ്പിച്ചു നില്‍ക്കുന്ന പൊലീസായോ എനിക്ക് അഭിനയിച്ചു തകര്‍ക്കാനാവില്ല. കാരണം എന്‍െറ മനസ്സ് അങ്ങനെയല്ല. പക്ഷേ, ഞാന്‍ സിനിമ ചെയ്തിരിക്കുന്നത് പ്രമുഖര്‍ക്കൊപ്പമാണ്. എംടിയുടേയും അടൂരിന്‍േറയും സിബി മലയിലിന്‍േറയുമൊക്കെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തന്നെ ഞാന്‍ ഇവിടെ സീരിയലുകളിലും അഭിനയിക്കുന്നു. അപ്പോള്‍ ഒരുപോലുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്നു പറയാനാവുമോ? യഥാര്‍ഥത്തില്‍ ഇതൊരു വ്യത്യസ്തതയാണ്.

എല്ലാം വെട്ടിപ്പിടിക്കണം എന്ന് എനിക്കാഗ്രഹമേയില്ല. അതുകൊണ്ടു തന്നെ എന്‍െറ മനസ്സിനെ വേദനിപ്പിക്കാതെ പുതിയ ഉടുപ്പു പോലെ സൂക്ഷിക്കാന്‍ കഴിയുന്നു. മഹാകവി ജി ശങ്കരക്കുറുപ്പു സാര്‍ അവസാനകാലങ്ങളില്‍ എപ്പോഴും ചൊല്ലിയിരുന്ന രണ്ടു വരി കവിത എനിക്കോര്‍മ വരുന്നു.
’’മുരളീരാഗ മുഖനാം ഗായകന്‍ വരും
വിളിക്കും ഞാന്‍ പോകും, വാതില്‍ പൂട്ടാതെ ആ ക്ഷണം.
ഞാനും കാത്തിരിക്കുകയാണ് ആ ’ഗായകനെ...